കഴിഞ്ഞ സെപ്റ്റംബറിൽ 50 കോടി അക്കൗണ്ട് വിവരങ്ങൾ ചോർത്തി എന്ന് യാഹൂ പറഞ്ഞതിന് ശേഷം ഇപ്പോഴിതാ പുതിയ ഒരു ഹാക്കിങ് കൂടി. ഇതവണയാവട്ടെ 100 കോടി അക്കൗണ്ടുകളുടെ വിവരങ്ങളാണത്രെ ചോർത്തിയിരിക്കുന്നത്!

മോഷണപെട്ട വിവരങ്ങളിൽ ഉപഭോക്താക്കളുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ, ജനന തിയതി, പാസ്സ്‌വേർഡ് (ഇത് എൻക്രിപ്ട് ചെയ്തതിനാൽ മോഷ്ടിച്ചയാൾക്ക് വ്യതമായി കാണാൻ പറ്റില്ല), സുരക്ഷ ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ ഹാക്കിങ് നടന്നത് 2013 ഇൽ ആണെന്നാണ് യാഹൂ പറയുന്നത്. 2013 ഇൽ ആണ് നടന്നതെങ്കിലും അവർ ഇപ്പോഴാണ് വാർത്ത പുറത്തു വിടുന്നത്. നേരെത്തെ തന്നെ കമ്പനിക്ക് ഹാക്കിങ്ങിനെ കുറിച്ചു മനസിലാവാത്തതിലാണോ അതോ അവർ മനഃപൂർവം വാർത്ത മറച്ചു വച്ചതാണോ എന്ന് വ്യക്തമല്ല.

യാഹൂ ഉപയോക്താക്കൾ ശ്രദ്ധിക്കുക

വിവരങ്ങൾ ചോർത്തപ്പെട്ടാലും യാഹൂ പറയുന്നത് ഉപയോക്താക്കളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ചോർന്നിട്ടില്ലെന്നാണ്. മാത്രമല്ല പാസ്സ്‌വേർഡ് എല്ലാം എൻക്രിപ്റ്റഡ് ആയതിനാൽ അവ നേരെ നോക്കി മനസിലാക്കാൻ പറ്റുകയും ഇല്ല. അക്കൗണ്ട് വിവരങ്ങൾ ചോർത്തപെട്ടയാൾക്കാർക്ക് യാഹൂ അടുത്ത് തന്നെ അറിയിപ്പ് കൊടുക്കുന്നതായിരിക്കും. ലോഗിൻ ചെയ്ത് പാസ്സ്‌വേർഡ് മാറ്റുകയും കൂടുതൽ സെക്യൂരിറ്റി ഓപ്ഷനുകൾ പ്രാപ്തമാക്കേണ്ടിയും വരും.

അഥവാ നിങ്ങൾക്ക് ഒരറിയിപ്പും വന്നിട്ടില്ലെങ്കിലും അക്കൗണ്ട് പാസ്സ്‌വേർഡ് മാറ്റുന്നത് വളരെ നല്ലതായിരിക്കും. പിന്നെ എല്ലാ മെയിലിലെയും പോലെ, അറിയാത്ത ആൾകാർ അയക്കുന്ന ഇമെയിൽ വരുന്ന ലിങ്കുകൾ, അറ്റാച്മെന്റ്സ് തുടങ്ങിയവ തുറക്കാതിരിക്കുക.

കമ്പനിയുടെ ഭാവി?

ഈ വര്ഷം ആദ്യമാണ് അമേരിക്കയിലെ ടെലികോം വമ്പനായ വെരിസോൺ, യാഹൂവിനെ 4.83 ബില്യൺ ഡോളറിനു (ഏകദേശം 32,000 കോടി രൂപ) ഏറ്റെടുക്കുന്നതിനുള്ള  നടപടിക്രമം ആരംഭിച്ചത്. ഈ കരാറിനെ കുറിച്ച് രണ്ടു കമ്പനികളും ഇപ്പോൾ ഒന്നും പറയുന്നില്ലെങ്കിലും തീർച്ചയായും ഈ ഹാക്കിങ് അതിനെ ബാധിക്കുമെന്നുറപ്പാണ്. 2014 ഇൽ 50 കോടി വിവരങ്ങളും 2013 ഇൽ 100 കോടി വിവരങ്ങളും ചോർത്തപ്പെട്ടാൽ യാഹൂ എന്ന ടെക് ഭീമൻ അവരുടെ സുരക്ഷ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യവും ഇവിടെ ഉയരുന്നു. മാത്രമല്ല ഇതിനു മുൻപും വിവരങ്ങൾ ചോർന്നിട്ടില്ല ഇന്നെന്താണുറപ്പ്? ഏതായാലും നമുക്ക് കാത്തിരുന്ന് കാണാം. അതെ സമയം യാഹൂ അക്കൗണ്ട് ഉള്ളവർ പാസ്സ്‌വേർഡ് മാറ്റാൻ മറക്കല്ലേ. പാസ്സ്‌വേർഡ് മാറ്റാൻ ഉള്ള ലിങ്ക് ഇവിടെ.