വ്യാജ വാർത്തകളെ തടയാനായി ഫേസ്ബുക് ഇറക്കുന്ന പുതിയ സവിശേഷതകളുടെ വിശദാംശങ്ങൾ പുറത്തു വിട്ടു. പുതിയ രീതി അനുസരിച്ചു ഫേസ്ബുക്കും, വസ്തുത പരിശോധിച്ചുറപ്പുവരുത്തുന്ന സംഘടനകളും ആണ് വാർത്ത ശരിയാണോ വ്യാജമാണോ എന്ന് തീരുമാനിച്ചുറപ്പുവരുത്തുക.

എങ്ങിനെ ഈ സവിശേഷത ഉപയോഗിക്കാം?

ഉപയോക്താക്കൾക്കും ഇതിൽ പങ്കു ചേരാൻ സാധിക്കും. ന്യൂസ്ഫീഡിൽ കാണുന്ന വാർത്തകളിൽ വ്യാജനെ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ ഉടനെത്തന്നെ ലഭിക്കുന്നതാണ്. പോസ്റ്റിന്റെ മുകളിൽ വലതുഭാഗത്തായി ക്ലിക്ക് ചെയ്താലാണ് ഈ ഓപ്ഷൻ ലഭിക്കുക. ഇങ്ങനെ ഫ്ലാഗ് ചെയ്യുമ്പോൾ 4 ഓപ്ഷൻ വരും, അതിലൊന്നാണ് വ്യാജ വാർത്തയെ റിപ്പോർട്ട് ചെയ്യുക എന്നുള്ളത്.

reporting-a-story-as-fake_wide-5c2b563ef66ed4f91c89287bc8e552b8e4bd3fb5-s900-c85

റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസ്റ്റുകൾ വസ്തുത പരിശോധിച്ചുറപ്പുവരുത്തുന്ന സംഘടനകൾക്ക് കൊടുക്കുകയും ഈ സംഘടനകൾ വാർത്ത വ്യാജമാണെന്നു കണ്ടെത്തിയാൽ പോസ്റ്റിനെ ഫ്ലാഗ് ചെയ്യുകയും ചെയ്യും. ഈ പോസ്റ്റുകൾ പിന്നീട് വേറൊരാളുടെ ന്യൂസ്ഫീഡിൽ പ്രേത്യക്ഷപെടുമ്പോൾ “disputed by 3rd party fact-checkers” എന്നൊരു അറിയിപ്പുണ്ടാകും.

3066630-inline-i-1-facebook-makes-its-first-moves-against-fake-news-embargo-1300-dec-15

ഇങ്ങിനെ ഫ്ലാഗ് ചെയ്യപ്പെട്ട പോസ്റ്റുകളിൽ എന്ത്‌കൊണ്ടാണ് വ്യാജനാണെന്നുള്ളതിനുള്ള കാരണം കൊടുത്തിട്ടുണ്ടാവും. ഫ്ലാഗ് ചെയ്ത പോസ്റ്റുകൾ ഷെയർ ചെയ്യാൻ സാധിക്കുമെങ്കിലും അവയിലെല്ലാം ഈ ഫ്ലാഗിങ് അറിയിപ്പും പ്രേത്യക്ഷപെടും. പോരാത്തതിന് ഇങ്ങനെയുള്ള പോസ്റ്റുകൾ ഫേസ്ബുക് പരസ്യങ്ങളായി കൊടുക്കാൻ പറ്റില്ല എന്ന് മാത്രമല്ല, അവ വേറെ ആൾക്കാരുടെ ന്യൂസ്ഫീഡിൽ ഏറ്റവും അവസാനമാവും പ്രത്യക്ഷപ്പെടുക.

നമുക്കെന്താണ് ഗുണം?

180 കോടി ആൾക്കാരുടെ കൂട്ടായ്മയായ ഫേസ്ബുക്കിനടുത്തിടെ വ്യാജ വാർത്തകൾ വലിയ പ്രശ്നമായി മാറുകയായിരുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിലും വ്യാജ വാർത്തകൾ വളരെയേറെ സ്വാധിനിച്ചു എന്നാണ് പറയപ്പെടുന്നത്. നമ്മുടെ നാട്ടിലും കാലങ്ങളായി ഒത്തിരിയേറെ വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളുടെ കൈയിലെത്തുന്നു. രാഷ്ട്രീയമായും, മതപരമായും, വർഗീയമായും ജനങ്ങളെ പരസ്പരം വെറുപ്പിക്കുന്ന രീതിയിലാണ് അധികം എണ്ണം പുറത്തിറങ്ങാറുള്ളതും. വ്യാജ വാർത്തകളെ ഈ സവിശേഷതകൾ കൊണ്ട് ഒരു പരിധിവരെ കണ്ടുപിടിക്കാനും നീക്കാനും സാധിക്കും. എന്നാൽ ഫേസ്ബുക് മാത്രമല്ല, വാട്സാപ്പ്, ഗൂഗിൾ, ഇൻസ്റ്റാഗ്രാം, തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെല്ലാം ഇതിൽ പങ്കുചേർന്നാലേ നമുക്ക് വ്യാജന്മാരെ മൊത്തമായും തുടച്ചു നീക്കാൻ പറ്റു.

എവിടെയാണ് ഇത് കൊണ്ട് പ്രശ്നങ്ങൾ വരുക?

വ്യാജ വാർത്തകളെ തുരത്താൻ പറ്റുമെങ്കിലും ഈ സവിശേഷത തിരിഞ്ഞു കടിക്കാനും സാധ്യതയുണ്ട്. ശരിയായ വാർത്തകൾ ഒരു രാഷ്ട്രീയ പാർട്ടിക്കോ അല്ലെങ്കിൽ ഒരു സമൂഹത്തിനോ എതിരായി വരുകയാണെങ്കിൽ ആ വാർത്തയെ കുറച്ചു പേർ ചേർന്നാൽ വ്യാജമാണെന്നു വരുത്തി തീർക്കാം. ഫേസ്ബുക് ഈ പ്രശ്നം എങ്ങിനെ പരിഹരിക്കും എന്നത് ഇപ്പോഴറിയില്ല. ഇത് മാത്രമല്ല ഒരു പ്രാവശ്യം ഫ്ലാഗ് ചെയ്താൽ അതെ വാർത്ത തന്നെ ഉണ്ടാക്കിയയാൾ വേറൊരു ലിങ്കായി പുറത്തിറക്കിയാൽ എന്ത് ചെയ്യും എന്നതും കാണേണ്ടിയിരിക്കുന്നു.

എന്തായാലും വ്യാജനെ തുരത്താൻ ഉള്ള ആദ്യത്തെ പാദമായി നമുക്കിതിനെ കാണാം. വരും നാളുകളിൽ ഈ സവിശേഷത കൂടുതൽ നല്ലതാവും എന്നും പ്രതീക്ഷിക്കാം.